കൊച്ചി: ശബരിമലയില്‍ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തി പണസമാഹരണം നടത്തിയതില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. നിലവില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സന്നിധാനത്തും പരിസരത്തും അനധികൃതമായി വിഗ്രഹങ്ങളും ഭണ്ഡാരങ്ങളും വച്ചിട്ടുണ്ടോയെന്നു പരിശോധിച്ച് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പണപ്പിരിവിനെതിരേ കോടതി നിര്‍ദേശപ്രകാരം വെർച്വല്‍ ക്യൂ പ്ലാറ്റ്ഫോമില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചതായും ബോധിപ്പിച്ചു.
തമിഴ്നാട് ഈറോഡിലെ ലോട്ടസ് മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. ഇ.കെ. സഹദേവനാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ് പണപ്പിരിവ് തുടങ്ങിയത്. എന്നാല്‍ ഇതുസംബന്ധിച്ച് കത്തിടപാട് നടന്നെങ്കിലും അനുമതി നല്‍കിയിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് നിലപാടെടുത്തത്.
തുടര്‍ന്ന് ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വിഷയം പരിഗണിച്ചപ്പോള്‍ ബോര്‍ഡ് ഇതിന് കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു.